KSR പുസ്തകം

ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരു വ്യക്തിയെ
ഓർമിച്ചെടുക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ
അയാളുടെ മുന്നിൽ നിൽക്കേണ്ടി വരിക .
അങ്ങിനെയൊന്ന് കഴിഞ്ഞയാഴ്ച സംഭവിച്ചു .
---------------------------------------------
1984 ജൂലൈ മാസത്തിൽ KSR പരീക്ഷ
എഴുതാനുള്ള ശ്രമത്തിലായിരുന്നു ഞാൻ .
ടെക്സ്റ്റ്‌ ലഭ്യമായിരുന്നില്ല .
പുതിയതും പഴയതും .
എവിടെനിന്നാണ് പഴയതൊന്നു കിട്ടിയതെന്ന്
എനിക്കോർമയില്ല .
നിധി പോലെ സൂക്ഷിച്ച ആരോ എനിക്ക് തന്നതായിരുന്നു .
പരീക്ഷാ ഹാളിലെത്തിയ ഹെഡ് മാസ്റ്റർ
അതിലെ പേന കൊണ്ടെഴുതിയ കുറിപ്പുകൾ കാരണം
തുടക്കത്തിലേ അതെടുത്തു കൊണ്ടുപോയി .
ശമ്പളം fix ചെയ്യാനും പെൻഷൻ കണക്കാക്കാനും
അറിയാമെങ്കിൽ KSR ജയിക്കാം .
പുറത്തിറങ്ങിയപ്പോൾ ടെക്സ്റ്റ്‌ന്റെ കാര്യം ഞാൻ മറന്നു .
4 മാസത്തിനകം ഞാൻ തിരുവനന്തപുരത്തേക്ക്‌ സ്ഥലം മാറി പോയി .
അതിനിടയിൽ ഒരിക്കൽ പോലും
എനിക്ക് പുസ്തകം തന്നയാൾ അത് തിരിച്ചു ചോദിച്ചില്ല .
---------------------------------------------------
29 വർഷം കഴിഞ്ഞിരിക്കുന്നു .
ഏറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ
ട്രെയിൻ ഇറങ്ങി നടക്കുമ്പോൾ ഒരാൾ ചിരിച്ചുകൊണ്ട് അടുത്തു വന്നു .
"എന്നെ ഓർക്കുന്നുണ്ടോ ?"
"FACT ലെ മുരളി ?"
എന്റെ ഓർമ തെറ്റായിരുന്നു .
അയാൾക്ക്‌ എന്നെ ഓർമ പ്പെടുത്തേണ്ടി വന്നു ...
ആ ഓർമപ്പെടുത്തലിന്റെ അവസാനത്തിൽ ........
"എന്റെ KSR പുസ്തകം കൊണ്ട് പോയിട്ട് തിരിച്ചു തന്നില്ല ...."
അദ്ദേഹം നടന്നു നീങ്ങി ...
എന്നിട്ടും എന്നെ ഏറെ സ്നേഹിച്ച ആ മനുഷ്യൻ എന്റെ
ഉള്ളിലേക്ക് കയറി വന്നില്ല ...
പക്ഷെ എന്റെ തലയ്ക്കു ഭാരം കൂടിയതായും
നടത്തത്തിനു വേഗത കുറഞ്ഞതായും
എനിക്ക് തോന്നി