ആദ്യ ലക്ഷദ്വീപ് യാത്ര

ഒരു പഴയകാല ഓർമയാണ് ......1990ലെ....
ലക്ഷദ്വീപിലെ അന്ത്രോത്തിൽ ഹൈസ്കൂൾ അദ്ധ്യാപകനായി

ഡെപ്യുട്ടേഷനിൽ പോകാൻ കിട്ടിയ
അവസരം ഉപയോഗിച്ചതാണ് . 
കപ്പലും കടലും ദ്വീപും ഒക്കെ കാണാനൊരു മോഹം .
കൊച്ചിയിൽ നിന്ന് രണ്ടു ദിവസം മുൻപ് ടിക്കറ്റ് കിട്ടി... 
വെറും 26 രൂപ ....
ലക്ഷദ്വീപ് ആദയകരമാണെന്നു തോന്നി ...
അവിടെ ഒരു രൂപയ്ക്ക് ഊണ് കിട്ടുമായിരിക്കും .....
അന്വേഷിച്ചപ്പോൾ കപ്പൽ പുറപ്പെട്ട് രണ്ടു ദിവസം 
കഴിഞ്ഞാണ് അന്ത്രോത്തിൽ എത്തുക എന്നറിഞ്ഞു . 
വലിയൊരു കോണി വഴിയാണ് 
കപ്പലിനകത്ത് കയറുന്നത് .
രണ്ടു ദിവസം മുൻപ് ടിക്കറ്റ് എടുത്തതല്ലേ 
ഒരു സീറ്റെങ്കിലും കാണും എന്ന് കരുതിയതു തെറ്റിപ്പോയി ...
കപ്പലിനകം ഏതാണ്ട് ഉത്സവപ്പറമ്പ് പോലെ .... 
എല്ലായിടത്തും ജനം ചുരുണ്ടു കൂടി കിടക്കുന്നു .
ഏറ്റവും മുകളിൽ പൊരിവെയിലത്ത്‌ മാത്രം സ്ഥലമുണ്ട് . 
കപ്പൽ കുറച്ചു ദൂരം സഞ്ചരിച്ചു കഴിയുമ്പോഴാണ് 
'കടൽ ചൊരുക്ക് ' പിടിക്കുമോ ?ഛർദ്ദിക്കുമോ ?
എന്നൊക്കെ ശങ്കയായത്‌ ....
പിന്നങ്ങോട്ട് പൊരിവെയിലത്ത് ഷീറ്റും വിരിച്ചു കിടപ്പ് . 
48 മണിക്കൂർ(2 ദിവസം) കഴിഞ്ഞാണ് 
കപ്പൽ അന്ത്രോത്തിൽ എത്തുന്നത്‌ .
അതിനിടക്ക് മിനിക്കോയ് , കവരത്തി ദ്വീപുകൾ പിന്നിട്ടിരുന്നു .
കയറിയ കോണി വഴി ഇറങ്ങാൻ കഴിയില്ലെന്ന് 
ഇതിനിടയ്ക്ക് എനിക്ക് മനസ്സിലായിരുന്നു . 
ദ്വീപിൽ നിന്ന് വളരെ അകലെയാണ് കപ്പൽ നങ്കൂരമിടുക . 
കപ്പലിൽ നിന്ന് ചെറുവഞ്ചിയിലേക്ക് 
ആളെ ഇറക്കിയാണ് ദ്വീപിലെത്തിക്കുക . 
എന്റെ കയ്യിലുള്ള രണ്ടു സ്യുട്ട്കെയ്സും ഒരു ബാഗുമായി 
ഞാൻ വഞ്ചിയിലേക്ക് ഇറങ്ങണം .
സെപ്റ്റംബർ മാസത്തിലെ കടൽ പരുക്കനായിരുന്നു . 
വഞ്ചി കപ്പലിനോടടുക്കാൻ വളരെ പ്രയാസപ്പെട്ടു.
വളരേ വേഗത്തിൽ അടുത്തു വരികയും 
അതേ വേഗത്തിൽ അകന്നു പോകുകയും ചെയ്തു .
അതുപോലെ വളരേ അധികം ഉയർന്നു വരികയും 
അതേ വേഗത്തിൽ വളരെ താഴ്ചയിലേക്ക് പോകുകയും ചെയ്തു . 
എന്നിട്ടും ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്യുന്നുണ്ടായിരുന്നു . 
നാലഞ്ച് പേരുടെ സഹായത്താൽ 
സ്ത്രീകളെ ഇറക്കുന്നത്‌ ഒരു കാഴ്ച തന്നെ ആയിരുന്നു .
എന്റെ പെട്ടി ഇറക്കാൻ സഹായിക്കാമെന്നേറ്റ ഒരാൾ
എപ്പോഴോ ഇറങ്ങിപ്പോയിരുന്നു .
ദ്വീപിൽ പോയി തിരിച്ചു വന്ന ഒരാൾ
'ഇയാളിതു വരെ ഇറങ്ങിപ്പോയില്ലേ ' എന്ന് പറയുന്നുണ്ടായിരുന്നു .
ഇവിടെ കടലിന് എന്ത് ആഴം കാണും എന്ന എന്റെ ചോദ്യത്തിന് 
ദ്വീപുഭാഷയിൽ കിട്ടിയ മറുപടി എനിക്ക് തീരെ മനസ്സിലായില്ല....
 അതിനിടക്ക് പലതവണ ഈ കപ്പലിൽ തന്നെ 
തിരിച്ചു പോകുന്നതിനെക്കുറിച്ച് ഞാൻ ആലോചിച്ചു . 
ഏതാണ്ട് മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ ചിന്ത 
എങ്ങിനെയെങ്കിലും ബോട്ടിലേക്ക് ചാടുക എന്നായി മാറി .
 അപ്പോൾ അടുത്തു വന്ന ഒരു ബോട്ടിലേക്ക് മറ്റൊന്നും
 ആലോചിക്കാതെ ഞാൻഎടുത്തു ചാടി . 
എനിക്ക് സമാധാനമായി .......ഞാൻ ബോട്ടിൽ തന്നെയുണ്ട്‌ .
 അപ്പോഴേക്കും വഞ്ചി കപ്പൽ വിട്ടു നീങ്ങാൻ തുടങ്ങിയിരുന്നു . 
എന്റെ രണ്ടു സ്യുട്ട്കെയ്സും കപ്പലിൽ തന്നെയാണെന്ന് 
അപ്പോഴാണ്‌ ഞാൻ തിരിച്ചറിഞ്ഞത് . 
എന്റെ വിളിച്ചുകൂവലിനു തീരെ ശബ്ദം പോരായിരുന്നു . 
കേൾക്കാനും ആളില്ലായിരുന്നു ...ഞാൻ സങ്കടത്തിലായി ..
അടുത്ത ബോട്ടിൽ കപ്പലിലേക്ക് തന്നെ തിരിച്ചു പോരാൻ
ബോട്ടിലുള്ളവർ ഉപദേശിച്ചു . 
കടുത്ത നിരാശ എന്റെ ഭയത്തെ കീഴ്പ്പെടുത്തി .
അടുത്ത ബോട്ടിൽ ഞാൻ തിരിച്ചു കപ്പലിനടുത്തെത്തി .
തിരിച്ചു കപ്പലിലേക്ക് ചാടി കയറുമ്പോൾ 
ആടിയുലയുന്ന ബോട്ടോ കടലോ 
എന്നെ അലോസരപ്പെടുത്തിയില്ല .
സ്യുട്ട്കെയ്സുകൾ ഒരിടത്തുമില്ല .... അന്വേഷിച്ചു ... 
അടുത്ത ബോട്ടിൽ കൊണ്ടുപോയിക്കാണുമെന്ന് ചിലർ .... 
നിരാശ ഇരട്ടിയായി .... തിരിച്ചു അടുത്ത ബോട്ടിൽ ദ്വീപിലേക്ക് .......
ആ യാത്രയിലാണ് എന്റെ മണ്ടൻ തീരുമാനങ്ങളെക്കുറിച്ച് 
ഞാൻ ചിന്തിച്ചത് . 
എത്ര പേരാണ് ഈ യാത്രയെ എതിർത്തത് ....... 
അപ്പൊയിന്റ്മെന്റ് ഓർഡർ പോലുമില്ലാതെ
അവർ എന്നെ ജോലിക്ക്  കയറ്റുമോ?
ഇനിയെന്ത് ചെയ്യും ? 
ഒരു മനുഷ്യന്റെ ഏറ്റവും വലിയ നിസ്സഹായാവസ്ഥ ഇതാണെന്നെനിക്ക് തോന്നി . 
ബോട്ട് ദ്വീപിലെത്തി..... 
കടൽപ്പാലത്തിലൂടെ നടക്കുമ്പോൾ എനിക്ക് മുന്നിൽ ഇരുട്ട് മാത്രമായിരുന്നു .
എന്നിട്ടും ഞാൻ നടന്നു ......... അറ്റത്ത്‌ രണ്ടു പോലീസുകാർ നില്ക്കുന്നു ......
അപരിചിതനായ എന്നെ അവർ ശ്രദ്ധിക്കുന്നതായി എനിക്ക് മനസ്സിലായി .
അപ്പോഴാണ് അവരുടെ പുറകിലിരുന്ന 
രണ്ടു സ്യുട്ട്കെയ്സുകളും എന്റെ കണ്ണിൽ പെട്ടത് . 
എന്റെ എല്ലാ തെറ്റിധാരണകളും മാറ്റിക്കൊണ്ട് 
ഒരുപാടു പേർ എന്നെ സഹായിക്കാനെത്തി ...
പിന്നെ രണ്ടു കൊല്ലം അവിടെയായിരുന്നു .